INDIAN CRICKET: രോഹിത് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഹിറ്റ്മാനെ തേടി ഒടുവില്‍ ആ അംഗീകാരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടി ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി മാറിയ താരമാണ് രോഹിത് ശര്‍മ്മ. ഏകദിന ലോകകപ്പ് ഫൈനലില്‍ നഷ്ടമായെങ്കിലും അടുപ്പിച്ച് രണ്ട് ഐസിസി കീരിടങ്ങള്‍ നേടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസുയര്‍ത്തുകയായിരുന്നു സൂപ്പര്‍താരം. ഐപിഎലില്‍ അഞ്ച് കീരിടം നേടിയിട്ടുളള രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ശോഭിക്കില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടി കൂടിയായിരുന്നു കീരിടനേട്ടങ്ങളിലൂടെ താരം കാണിച്ചുകൊടുത്തത്. രോഹിത് ശര്‍മ്മ ആരാധകര്‍ക്കുളള ഒരു സന്തോഷ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.

വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മയുടെ പേരില്‍ ഒരു സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്‌. രോഹിതിന് പുറമെ ശരദ്‌ പവാര്‍, അമോല്‍ ഖാലെ തുടങ്ങിയവരുടെ പേരുകളിലും സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ എംസിഎ ഒരുങ്ങുന്നതായും അറിയുന്നു. നിലവില്‍ ആക്ടീവ് പ്ലെയര്‍മാരില്‍ വിരാട് കോഹ്ലിക്ക് ശേഷം ഒരു സ്‌റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് വരുന്ന താരം കൂടിയാണ് രോഹിത്.

ന്യൂസിലന്‍ഡിനെ തകര്‍ത്തായിരുന്നു രോഹിതിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി കീരിടം നേടിയത്. ഫൈനലില്‍ 76 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയതും രോഹിത് തന്നെ. കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ മറികടക്കുകയായിരുന്നു ടീം ഇന്ത്യ.