സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി സർക്കാർ ചർച്ചതുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വർധിപ്പിച്ചേക്കും. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിർണയസംവിധാനത്തിലേക്ക് കടക്കാനാണ് സാധ്യത. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്‌ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം. അതിനാൽ ന്യായവില വർധിപ്പിക്കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് സർക്കാർ കണക്ക്കൂട്ടൽ.
സമീപകാലത്തൊന്നുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി ശിപാർശ ചെയ്യാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേർന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാൽ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നിൽവന്ന പ്രധാന നിർദേശം.
2018-19ലെ ബജറ്റിലും ന്യായവില 10 ശതമാനം വർധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാൾ വളരെത്താഴെയാണ്. വൻവിലയുള്ള ഭൂമി വിൽക്കുമ്പോൾ ആധാരത്തിൽ ന്യായവില കാണിച്ചാൽമതി. ഇതിനുള്ള രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സർക്കാരിന് വൻനഷ്ടമുണ്ടാവുന്നു.
Read more
കേരളത്തിൽ വാണിജ്യകേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രമുഖ നഗരകേന്ദ്രങ്ങൾ, വിശേഷപ്പെട്ട സ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ഭൂമിക്ക് മോഹവിലയാണ്. ഇത്തരം ഭൂമിയുടെ വാണിജ്യമൂല്യം കണക്കിലെടുത്ത് അവ തരംതിരിച്ച് ന്യായവില നിർണയിക്കണമെന്നും സമിതി വിലയിരുത്തി. അങ്ങനെവന്നാൽ ന്യായവില വീണ്ടും പുതുതായി നിർണയിക്കേണ്ടിവരും. ന്യായവില പുതുക്കി നിർണയിക്കാതെ 2010-ൽ തീരുമാനിച്ച വിലയുടെ നിശ്ചിതശതമാനം വർധിപ്പിക്കുകയാണ് കാലാകാലം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യായവില കൂടുന്നതോടെ വസ്തുകൈമാറ്റത്തിനുള്ള ചെലവ് കൂടുന്നത് ഭൂമിവിൽപ്പനയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.