പി.ടിക്ക് ജന്മനാടിന്റെ വിട; സംസ്കാരം വൈകിട്ട്, ആഗ്രഹപ്രകാരം മതചടങ്ങില്ല

അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്കാരം ഇന്ന്. പി ടി തോമസിന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ പി ടിയുടെ വീട്ടിലെത്തിയത്.

വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. തൊടുപുഴ രാജീവ് ഭവനിലെ പൊതുദർശനത്തിന് ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം അഞ്ചരക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

Read more

മൃതദേഹം ദഹിപ്പിക്കണം അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെയ്ക്കരുത്, എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങൾ നവംബർ 22ന് തന്നെ അന്തരിച്ച എംഎൽഎ പി.ടി തോമസ് എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കൾക്കാണ് പി.ടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകൾ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.