മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; വെടിയേറ്റ്​ മരിച്ച മാവോയിസ്റ്റിന്റെ മൃതദേഹം സംസ്കരിച്ചു

അ​ട്ട​പ്പാ​ടി മ​ഞ്ചി​ക്ക​ണ്ടി​യി​ൽ പൊ​ലീ​സ് വെ​ടി​വെ​യ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു. ആരുടേതാണെന്ന് തിരിച്ചറിയാത്ത മൃതദേഹം സംസ്കരിച്ചത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചത്.

രാവിലെ പതിനൊന്ന് മണിയോടെ ഗുരുവായൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. അജ്ഞാത ജഡമെന്ന നിലയിൽ പൊലീസ് നേരിട്ടാണ് സംസ്കാരം നടത്തിയത്. നേരത്തെ ബന്ധുക്കളെ തേടി പൊലീസ് പത്രപ്പരസ്യം നൽകിയിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മൃതദേഹം ആരുടേതെന്ന് ഉറപ്പ് വരുത്താതെ സംസ്കാരം നടത്തിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.

Read more

രാവിലെ മൃതദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും പോരാട്ടം പ്രവർത്തകരും തൃശ്ശൂർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളിയോടെയാണ് ഇവർ മൃതദേഹം യാത്രയാക്കിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം കൂടിയാണ് ഇനി സംസ്കരിക്കാനുള്ളത്.