INDIAN CRICKET: രോഹിത്തിനും കോഹ്‌ലിക്കും ബിസിസിഐ വക പണി?, താരങ്ങൾക്ക് നിരാശയുടെ വാർത്ത ഉടൻ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ബിസിസിയിൽ നിന്ന് പുതിയ തിരിച്ചടി കിട്ടിയേക്കാം എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പുരുഷ ടീമിന്റെ കേന്ദ്ര കരാറുകൾ ബിസിസിഐ പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് താരങ്ങൾക്ക് പണി കിട്ടാൻ പോകുന്നത്. സാധാരണയായി, വർഷത്തിന്റെ തുടക്കത്തിലാണ് ഈ പ്രഖ്യാപനം നടത്തുക, എന്നാൽ ഇത്തവണത്തെ കാലതാമസത്തിന് കാരണം രോഹിതും വിരാടും ആണ്.

നിലവിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാരെ കേന്ദ്ര കരാറിന്റെ എ+ വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ രോഹിത്, വിരാട്, ജഡേജ എന്നിവർ ടി20 ഐ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു കഴിഞ്ഞിരിക്കുകയാണ്. തൽഫലമായി, പുതിയ കേന്ദ്ര കരാറിൽ ബിസിസിഐ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കാം.

എന്നിരുന്നാലും, ചില ബിസിസിഐ ഉദ്യോഗസ്ഥർ ഈ മൂന്ന് കളിക്കാരും അതെ വിഭാഗത്തിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നു, ചിലർ ഈ നിലപാടിനോട് വിയോജിക്കുന്നു. മൂന്ന് ഫോർമാറ്റുകളിലും സ്ഥിരം അംഗങ്ങളായ കളിക്കാർക്ക് മാത്രമാണ് എ+ വിഭാഗം കരാർ നൽകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. രോഹിത്, വിരാട്, ജഡേജ എന്നിവർ ഒരു ഫോർമാറ്റിൽ നിന്ന് വിരമിച്ചതിനാൽ, എ+ വിഭാഗത്തിൽ അവരുടെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എ+ വിഭാഗത്തിലെ കളിക്കാർക്ക് ബോർഡിൽ നിന്ന് പ്രതിവർഷം ₹7 കോടി രൂപ വൻ തുക ആണ് ലഭിക്കുന്നത്.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ മുംബൈക്കായി രോഹിത്തിന് തിളങ്ങാൻ സാധിക്കാതെ വന്നപ്പോൾ ബാംഗ്ലൂരിനായി കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി തന്റെ കരുത്ത് കാണിച്ചു.