പത്മ പുരസ്കാരത്തിൽ മലയാളിത്തിളക്കം: എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ; ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് പത്മഭൂഷണും, ഐ.എം. വിജയന് പത്മശ്രീയും

2025ലെ പത്മ അവാർഡുകളിൽ മലയാളിത്തിളക്കം. വിവിധ പത്മ അവാർഡുകൾ കലാസാഹിത്യ കായിക മേഖലകളിൽ നിന്നായി അഞ്ച് മലയാളികൾ കരസ്ഥമാക്കി. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി ആദരിച്ചു. 2005ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 25നാണ് എം.ടി അന്തരിച്ചത്. ആകെ ഏഴ് പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ നൽകിയിട്ടുള്ളത്.

മലയാളികളായ ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും പത്മഭൂഷൺ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കായിക മേഖലയിൽ നിന്നാണ് പി. ആർ ശ്രീജേഷിന് പത്മഭൂഷൺ നൽകി ആദരിക്കുന്നത്. നേരത്തെ പരമോന്നതി കായിക പുരസ്കാരമായ ഖേൽരത്ന നൽകി പി. ആർ ശ്രീജേഷിനെ രാജ്യം ആദരിച്ചിരുന്നു. ആരോഗ്യ മേഖലയിൽ നിന്നാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷൺ ലഭിക്കുന്നത്. ആകെ 26 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൻ്റെ അഭിമാനമായ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ആകെ 113 പേർക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്.