സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നു, അച്ഛൻ എവിടെയെന്നറിയില്ല; ആരോപണവുമായി സിദ്ദിഖിന്റെ മകൻ ഷെഹീൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മകൻ ഷെഹീൻന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന ഉപാധിയോടെ ഇവരെ വിട്ടയച്ചു. അതേസമയം സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി മകൻ ഷെഹീൻ രംഗത്തെത്തി.

നേരത്തെ സിദ്ദിഖിന്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ഇവരുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സിദ്ധിഖ് എവിടെ എന്നും ചോദിച്ചാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും നാഹി, പോൾ എന്നിവരെക്കുറിച്ച് ഇപ്പോൾ വിവരമില്ലെന്നും പരാതിയിൽ പറയുന്നു. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസും അറിയിച്ചു.

അതേസമയം സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് സിദ്ദിഖിന്റെ മകൻ ഷെഹീൻ ആരോപിച്ചു. സിദ്ദിഖിന്റെ വിവരം നൽകണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയെന്നും ഷെഹീൻ പറഞ്ഞു. തനിക്കൊപ്പം സുഹൃത്തുക്കൾ യാത്ര ചെയ്തിരുന്നുവെന്നും അച്ഛൻ എവിടെയെന്നറിയില്ലെന്നും ഷെഹീൻ പറഞ്ഞു.

അതിനിടെ ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെയും സീനിയർ വനിത അഭിഭാഷകരിൽ ഒരാളെയും സുപ്രീംകോടതിയിൽ ഹാജരാക്കാനാണ് സർക്കാർ തീരുമാനം.

Read more