തിങ്കളാഴ്ച മുതല്‍ ഇന്ധന ലോറികള്‍ പണിമുടക്കിലേക്ക്

തിങ്കളാഴ്ച മുതല്‍ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോറി ഉടമകള്‍. രണ്ടു കമ്പനികളില്‍ ആയി 600ല്‍ അധികം ലോറികള്‍ പണിമുടക്കും.

13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ലോറി ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.

നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസ്സപ്പെടുമെന്നും പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.