കൊച്ചിയിലെ മാലിന്യ പ്രശ്‌നം; കര്‍മ്മപദ്ധതിയുമായി സര്‍ക്കാര്‍, ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള കര്‍മ പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. ഏപ്രില്‍ പത്തിനകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനം നടപ്പിലാക്കണമെന്നുള്ളതാണ് നിര്‍ദ്ദേശം.

മൂന്ന് മാസത്തോളം നില നില്‍ക്കുന്ന ഏഴിന കര്‍മപദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

വാതില്‍പടി സേവനം കാര്യക്ഷമമാക്കും. ഇതിനായി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീയും നല്‍കണം. തിങ്കളാഴ്ച മുതല്‍ കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഉറവിടമാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലാത്തവര്‍ മാര്‍ച്ച് 17നം വിവരം അറിയിക്കണം.

Read more

ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. ശുചിമുറി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അവലോകന യോഗം തീരുമാനിച്ചു.