ജിസിഡിഎയുടെ ലേസര്‍ ഷോ അഴിമതിയില്‍ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാലിന് എതിരെ കേസെടുത്ത് വിജിലന്‍സ്. ജി.സി.ഡി.എ മുന്‍ സെക്രട്ടറി ആര്‍.ലാലു, പദ്ധതി നടപ്പാക്കിയ കമ്പനി ഉടമയും മാനേജിംഗ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എന്‍ വേണുഗോപാലാണ് കേസില്‍ ഒന്നാം പ്രതി. ലേസര്‍ ഷോ നടത്തിയതിലൂടെ ജി.സി.ഡി.എക്ക് ഒരു കോടിയോളം രൂപ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തത്.കടവന്ത്ര സ്വദേശിയാണ് പരാതി നല്‍കിയത്.
2014 സെപ്തംബറിലാണ് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഗ്രേറ്റര്‍ കൊച്ചി വികസന അതോറിറ്റി ‘മഴവില്ലഴക്’ എന്ന പേരില്‍ ലേസര്‍ ഷോ സംഘടിപ്പിച്ചത്. നഗരവാസികളേയും വിനോദസഞ്ചാരികളേയും ആകര്‍ഷിച്ച് അതിലൂടെ അതോറിറ്റിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി 2016ല്‍ ഷോ പൂര്‍ണമായും നിര്‍ത്തിവെച്ചു.
Read more
ലോസര്‍ ഷോ പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പൊലീസിനാണ് പരാതി ലഭിച്ചത്. ഇത് പിന്നീട് വിജിലന്‍സിന് കൈമാറുകയായിരുന്നു. പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്ഥാപനമായ ജി.സി.ഡി.എക്ക് ഒരു കോടിയോളം രൂപ നഷ്ടമുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. കരാര്‍ കമ്പനിക്ക് അനുകൂലമായി ഉപകരാര്‍ വച്ചതും ഉപകരണങ്ങളുടെ വില യഥാര്‍ത്ഥ വിലയേക്കാള്‍ കൂട്ടിക്കാണിച്ച് കൃത്രിമം നടത്തിയതായുമാണ് വിജിലന്‍സ് കണ്ടെത്തിയത്. സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.