കൊച്ചിയിലും കരിപ്പൂരിലും സ്വര്‍ണവേട്ട, രണ്ടര കോടി വരുന്ന സ്വര്‍ണം കൊച്ചിയില്‍ പിടികൂടി

കൊച്ചി വിമാനത്താവളത്തിലും കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ്ണവേട്ട. രണ്ടര കിലോ സ്വര്‍ണ്ണമാണ് കൊച്ചിയില്‍ കസ്റ്റംസ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.

തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലാണ് സ്വര്‍ണം അയച്ചിരുന്നത്. സിറാജ്ജുദ്ദീന്‍ എന്നയാളാണ് ഇത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇത് കൈപറ്റാനെത്തിയ സിറാജ്ജുദ്ദീന്റെ ഡ്രൈവര്‍ നകുലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

എയല്‍ കാര്‍ഗോയിലെത്തിയ യന്ത്രം സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. സിറാജ്ജുദ്ദിനായി പൊലീസ് അന്വേഷണം ആരംഭി ച്ചു.

അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ്ണം പിടികൂടി. 850 ഗ്രാം സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ആസിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് പൊലീസ് വീണ്ടും സ്വര്‍ണ്ണം പിടികൂടിയത്.