തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥമായ ഖുറാൻ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. മതഗ്രന്ഥം എത്തിച്ചതിന്റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയോ എന്നാണ് പരിശോധിക്കുന്നത്.
യു.എ.ഇ കോൺസൽ ജനറലിന്‍റെ പേരിൽ കഴിഞ്ഞ മാർച്ച് നാലിനാണ് നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 250 പാക്കറ്റുകളായാണ് ഖുറാൻ അയച്ചത്. ഈ ബില്ല് പരിശോധിച്ചശേഷമാണ് കസ്റ്റംസ് ഒരു ഖുറാന്‍റെ തൂക്കം അളന്നത്. 576 ഗ്രാമാണ് ഒരു ഖുറാന്‍റെ തൂക്കമെന്നും പരിശോധനയിൽ തിരിച്ചറിഞ്ഞു.
Read more
ബാഗേജിന്‍റെ ഭാരവും പാക്കറ്റിലെ എണ്ണവും അനുസരിച്ച് ഒരു പാക്കറ്റ് 17 കിലോ 900 ഗ്രാം ഉണ്ടാകണം. ഇത് പ്രകാരം ഒരു പാക്കറ്റിൽ 31 ഖുറാൻ ഉണ്ടായിരുന്നിരിക്കാമെന്നും കസ്റ്റംസ് കണക്കുകൂട്ടുന്നു. അങ്ങനെയെങ്കിൽ 7750 ഖുറാനാണ് നയതന്ത്ര ബാഗിലൂടെ എത്തിയത്. എത്തിയ 250 പാക്കറ്റുകളിൽ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്ർറെ കീഴിലുളള സി ആപ്ടിന്‍റെ ഓഫീസിൽ എത്തിച്ചെന്നാണ് വിവരം. ഇത് പരിശോധിക്കുന്നതിന് പുറമേ ബാക്കി പാക്കറ്റുകൾ കണ്ടെത്താനുളള ശ്രമവുമാണ് കസ്റ്റംസ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്. ഖുറാൻ എത്തിച്ചതിലും വിതരണം ചെയ്തതിലും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചോയെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.