സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം തീവ്രവാദത്തിന് ഉപയോഗിച്ചോ? അന്വേഷണം തുടങ്ങി നാലുമാസം പിന്നിട്ടിട്ടും തെളിവ് ഹാജരാക്കാനാകാതെ എന്‍.ഐ.എ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ  സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിൽ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താനാകാതെ എന്‍ഐഎ. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള അനുബന്ധ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പും നല്‍കി.

അന്വേഷണം തുടങ്ങി നാലുമാസം പിന്നിടുമ്പോഴും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന യുഎപിഎ ചുമത്തിയ ഈ കുറ്റത്തിനുള്ള തെളിവിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ എന്‍ഐഎ മൗനം പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എന്‍ഐഎ  രജിസ്റ്റർ ചെയ്ത കേസിന്റെ “ഗതി” ഇന്നറിയാം

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് രണ്ടു തരത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്നാണ് എന്‍ഐഎ, എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി സ്വര്‍ണം കടത്തുന്നു എന്നും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നും. പിന്നീട് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് യുഎഇ എന്ന രാജ്യവുമായുമായുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയെന്നും എന്‍ഐഎ പറഞ്ഞു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, പ്രാഥമിക കണ്ടെത്തലായി സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാല് മാസത്തിന് ശേഷവും ഇത്തരത്തില്‍ ഒരു കണ്ടെത്തലിനും തെളിവ് ലഭിച്ചിട്ടില്ല. പ്രതികള്‍ക്ക് എതിരെ യുഎപിഎ നിയമപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കുറ്റവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്ന കുറ്റവും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയെന്ന കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഈ വകുപ്പുകള്‍ എല്ലാ പ്രതികള്‍ക്കുമെതിരെ ചുമത്തുന്ന കാര്യത്തില്‍ എന്‍ഐഎ ഉറച്ച് നില്‍ക്കുകയാണോ എന്ന് എന്‍ഐഎ കോടതി ചോദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച പത്തുപേജുള്ള സത്യവാങ്മൂലത്തിലും സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി പറയുന്നില്ല. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കാന്‍ സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.

എന്നാല്‍ ആയിരം കിലോ സ്വര്‍ണം കടത്തിയ കേസിലും യുഎപിഎ ചുമത്തിയിട്ടില്ലെന്നും നികുതിവെട്ടിപ്പിനെതിരായ കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ലെങ്കില്‍ കേസ് ദുര്‍ബലമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.