ദളിത് വിഭാഗത്തിൽപെട്ട കലാപ്രതിഭ ആർ.എൽ.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം താനും ശക്തമായി പ്രതിഷേധിക്കുന്നു എന്ന് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്.
ആർ.എൽ.വി.രാമകൃഷ്ണന്റെ വേദനയും സങ്കടവും സർക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു. സർക്കാരും സാംസ്കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
നർത്തകനായ ഡോ.ആർ.എൽ.വി.രാമകൃഷ്ണനെ അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കലാഭവൻ മണിയുടെ സഹോദരനും കുന്നിശേരി പരേതനായ രാമന്റെ മകനുമാണ് ആർ.എൽ.വി.രാമകൃഷ്ണൻ. കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തോട് ജാതീയമായ വിവേചനം കാണിച്ചു എന്നാണ് ആരോപണം.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസ്താവന:
Read more
ദളിത് വിഭാഗത്തിൽപെട്ട കലാപ്രതിഭ ആർ.എൽ.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്ന പു.ക.സ. അംഗമായ കലാകാരനാണ് രാമകൃഷ്ണൻ. അപമാനിതനായ ഈ പാവപ്പെട്ട കലാകാരന്റെ വേദനയും സങ്കടവും സർക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു.
സർക്കാരും സാംസ്കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
-ബാലചന്ദ്രൻ ചുള്ളിക്കാട്