ശസ്ത്രക്രിയക്ക് ശേഷം വയര്‍ തുന്നി ചേര്‍ക്കാതെ വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തത് അണുബാധ ഉണ്ടാകുന്നത് കൊണ്ടാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍. സംഭവത്തില്‍ തെറ്റു ചെയ്യാത്ത ഡോക്ടറെ അകാരണമായി ശിക്ഷിക്കരുതെന്ന് അസോസിയേഷന്‍ പറഞ്ഞു.
ഫെബ്രുവരിയിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഷീബയെ ഗര്‍ഭാശയ നീക്ക ശസ്ത്രക്രിയ ചെയ്തത്. ആറു മാസത്തിന് ശേഷം ഈ രോഗി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തി. ഇതിനിടയില്‍ അണുബാധയുടെ ഭാഗമായി 7 ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ഈ ശസ്ത്രക്രിയകള്‍ അണുബാധ പൂര്‍ണമായി നീക്കം ചെയ്യുന്നതില്‍ വിജയിച്ചിരുന്നില്ല.
സങ്കീര്‍ണമായ അവസ്ഥയിലാണ് രോഗി മെഡിക്കല്‍ കോളജില്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ ഉണ്ടായതുകൊണ്ട് മുറിവു താല്‍ക്കാലികമായി തുറന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുന്നലിട്ടു ശരിയാക്കാന്‍ ശ്രമിച്ചു. ഒന്നര മാസത്തിന് ശേഷം ഗുരുതരമായ അണുബാധയുമായി രോഗി തിരികെ വന്നു.
അതോടെയാണ് വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം രോഗിയുടെ മുറിവ് പൂര്‍ണമായി തുറന്നിടാനും അതു പതുക്കെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികള്‍ സ്വീകരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ അണുബാധ കാരണം പലതവണ മുറിവു തുറന്നിടുകയും 12 ദിവസം മുറിവ് വച്ചുകെട്ടുകയും ചെയ്തു.
അതിന് ശേഷം വീട്ടിലേക്ക് പോകാനും വീടിനടുത്തുള്ള ആശുപത്രിയില്‍ മുറിവു പരിചരിക്കാനും നിര്‍ദേശിച്ചു. ഓരോ ആഴ്ച കൂടുമ്പോഴും ആശുപത്രിയില്‍ വന്നു മുറിവു പരിശോധിക്കാനും തുന്നലിടാന്‍ സമയമാകുമ്പോള്‍ ഇടാമെന്നും രോഗിയെ അറിയിച്ചിരുന്നതായും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
Read more
ഗര്‍ഭാശയമുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയക്കു ശേഷം വയര്‍ തുന്നി യോജിപ്പിക്കാനാവാതെ ദുരിതത്തിലായ ഷീബയുടെ അവസ്ഥ ഗണേഷ് കുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ ഉന്നയിച്ചത്.