ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമയും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി.ഗംഗാധരന്‍ (80) അന്തരിച്ചു. ഇന്നു രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവില്‍ എ.ഐ.സി.സി അംഗമാണ്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977-ല്‍ സുജാത എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിര്‍മാണരംഗത്തേക്കെത്തിയത്. തുടര്‍ന്ന് മനസാ വാചാ കര്‍മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, ഏകലവ്യന്‍ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിറന്ന ചിത്രങ്ങളാണ്.

Read more

എസ് ക്യൂബുമായി ചേര്‍ന്ന് നിര്‍മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. പി.വി. ഷെറിന്‍ ആണ് ഭാര്യ. മക്കള്‍: ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ.