കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടി; മൃദംഗവിഷൻ നടത്തിയ നികുതിവെട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്

കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ മൃദംഗവിഷൻ നടത്തിയ നികുതിവെട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. പരിപാടിയുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകർ മൂന്നേകാൽ ലക്ഷം രൂപ വെട്ടിച്ചതായാണ് കണ്ടെത്തൽ. പരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് വിറ്റ ഇനത്തിലാണ് ഇത്രയും തുക സംഘാടകരായ മൃദംഗവിഷൻ വെട്ടിച്ചതെന്നും കണ്ടെത്തലുണ്ട്.

മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയുടെ ടിക്കറ്റുകൾ ബുക് മൈ ഷോ ആപ് വഴി ഓൺലൈനായാണ് വിറ്റത്. 149 രൂപ നിരക്കിൽ 29,349 ടിക്കറ്റുകൾ വിറ്റു. മുപ്പത്തിമൂന്ന് ലക്ഷം രൂപ ടിക്കറ്റ് വിൽപനയിലൂടെ മൃദംഗവിഷന് ലഭിച്ചു. പത്ത് ശതമാനം വിനോദ നികുതി കണക്കാക്കിയാൽ മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ കോർപറേഷനിൽ അടക്കണം. ടിക്കറ്റ് വിൽപ്പനയുടെ വിവരങ്ങളോ വിനോദനികുതിയോ ഇതുവരെ കോർപറേഷന് നൽകാൻ മൃദംഗവിഷൻ തയ്യാറായിട്ടില്ല.

അതേസമയം മൃദംഗ വിഷന് കോർപറേഷൻ രണ്ട് നോട്ടീസ് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. കോർപറേഷൻ റവന്യൂ വിഭാഗം നൽകിയ നോട്ടീസിന് ബുക് മൈ ഷോ നൽകിയ മറുപടിയിൽ ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ ചേർത്തിട്ടുണ്ട്. കോർപറേഷന്റെ ലൈസൻസ് വാങ്ങാതെയും വിനോദ നികുതി വെട്ടിച്ചും നടത്തിയ പരിപാടിയുടെ പേരിൽ കോർപറേഷൻ തുടർ നടപടികൾ ആരംഭിച്ചു.

ബുക് മൈ ഷോ ആപ്പ് അല്ലാതെ വേറെ ഏതെങ്കിലും ഏജൻസികൾ വഴി ടിക്കറ്റുകൾ വിറ്റിട്ടുണ്ടോ എന്നും കോർപറേഷൻ പരിശോധിക്കുന്നുണ്ട്. എന്നാൽ സംഘാടകരായ മൃദംഗവിഷന് കോർപറേഷൻ നൽകിയ രണ്ടു നോട്ടീസുകൾക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ലൈസൻസ് എടുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് കാരണം ചോദിച്ചും വിനോദനികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞുമാണ് മൃദംഗവിഷന് നോട്ടീസ് നൽകിയത്.

ഡിസംബർ 29 ന് നടത്തിയ ഗിന്നസ് നൃത്ത പരിപാടിക്കിടെയാണ് സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്.