ഗുരുവായൂര്‍ ആനയോട്ടത്തിലെ കുത്തക വിട്ടുനല്‍കിയില്ല; തിരിഞ്ഞ് നോക്കാതെ ഗോപീകണ്ണന്‍ ഓടിക്കയറി; പാതിയില്‍ ഓട്ടം അവസാനിപ്പിച്ച് ദേവദാസ്

ഗുരുവായൂര്‍ ആനയോട്ടത്തില്‍ കുത്തക വിട്ടുനല്‍കാതെ ഒമ്പതാം തവണയും ഒന്നാമതെത്തി ഗജരാജന്‍ ഗോപീകണ്ണന്‍. മഞ്ജുളാല്‍ പരിസരത്ത് വരിയായി നിര്‍ത്തിയിരുന്ന ആനകളെ പാപ്പാന്‍മാര്‍ കുടമണി അണിയിച്ചതോടെ ഓട്ടം ആരംഭിച്ചു. ആദ്യവസാനം ഗോപീകണ്ണന്‍ തന്നെയായിരുന്നു മുന്നില്‍ തന്നെ ഓടിയത്. .

പുറകിലായി കൊമ്പന്‍ രവികൃഷ്ണനും തൊട്ടുപുറകില്‍ മൂന്നാമനായി ദേവദാസും ഓടിയെത്തി. എന്നാല്‍, നടപ്പുരയ്ക്കടുത്തുവച്ച് ദേവദാസ് ഓട്ടം അവസാനിപ്പിച്ച് തിരിഞ്ഞതോടെ ദേവി മൂന്നാം സ്ഥാനക്കാരിയായി ഓടിയെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഏഴ് പ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തില്‍ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കിയതോടെ ഗോപീകണ്ണനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ഉത്സവത്തിന് അടക്കം ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ ഗോപീകണ്ണന് പ്രത്യേക പരിഗണന ലഭിക്കും. വെള്ളിനേഴി കെ ഹരിനാരായണനാണ് ഗോപീകണ്ണന്റെ ഒന്നാം പാപ്പാന്‍.