ബേസിൽ ജോസഫിനെ നായകനാക്കി ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്‌പദമാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്‌ത ചിത്രമാണ് പൊൻമാൻ. ഒടിടിയിൽ അടക്കം വലിയ ചർച്ചയായി തീർന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആനന്ദ് മന്മഥൻ.
റിപ്പോർട്ടർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് മന്മഥൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ചിത്രത്തിൽ നടൻ ആനന്ദ് മന്മഥനും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബ്രൂണോ എന്നായിരുന്നു നടന്റെ കഥാപാത്രത്തിന്റെ പേര്. എന്നാൽ ആ കഥാപാത്രം തന്നിലേക്ക് വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നാണ് ആനന്ദ് മന്മഥൻ പറയുന്നത്.
‘ഞാൻ നാലഞ്ച് ചെറുപ്പക്കാർ വായിക്കുന്നത് കൊവിഡ് സമയത്താണ്. ഇന്ദുഗോപൻ ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ എപ്പോഴും സിനിമാറ്റിക് ആയി മനസ്സിൽ കാണാൻ കഴിയുമല്ലോ. അജേഷ് ആകാൻ പറ്റില്ല. അതുപോലെ മരിയാനോയെ മല പോലൊരു മനുഷ്യൻ എന്നാണല്ലോ ഡിഫൈൻ ചെയ്തിരിക്കുന്നത്. ബ്രൂണോയും രസകരമായ കഥാപാത്രമാണ് എന്ന് തോന്നി. അന്ന് അവരുടെ ചിന്ത ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാനായിരുന്നു. അന്ന് അത് ഷൈൻ ടോം ചാക്കോയോ മറ്റും ചെയ്യുമായിരിക്കും എന്ന് കരുതി അത് ഷെൽഫിൽ വെച്ച് മടക്കി. 2024ൽ കറങ്ങി തിരിഞ്ഞ് അത് എന്നിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,’ എന്ന് ആനന്ദ് മന്മഥൻ പറഞ്ഞു.