കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് അതിക്രമം കാണിച്ചയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ധീരമായി പിടികൂടിയത്. മാണിയാട്ട് സ്വദേശി രാജീവന്‍ (52) ആണ് അറസ്റ്റിലായത്.
കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. സ്വകാര്യ ബസ് സമരമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ തിരക്കായിരുന്നു. നീലീശ്വരത്ത് വെച്ചാണ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്.
ഇതോടെ യുവതി പല തവണ അയാളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഉപദ്രവം തുടരുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ ആരും തന്നെ പ്രതികരിച്ചില്ല. തുടര്‍ന്ന് ആരതി പിങ്ക് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെ ആരതിയും ഇയാളെ പിടിക്കാന്‍ പിറകേ ഓടി. പ്രതി രക്ഷപ്പെട്ടാല്‍ പരാതിക്കൊപ്പം നല്‍കാന്‍ ഫോട്ടോയും എടുത്തുവെച്ചിരുന്നു.
ഇതിനിടെ രക്ഷപ്പെടാനായി പ്രതി ലോട്ടറിക്കടയില്‍ കയറി നിന്നു. ആരതി സമീപത്തുള്ള മറ്റ് കടക്കാരോട് വിവരം പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് ഇയാളെ പിടികൂടി തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി രാജീവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more
കാഞ്ഞങ്ങാട് നെഹ്റു കോളജില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് ആരതി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു ആരതി.