ആരോഗ്യമന്ത്രിയുടെ ഓഫീസിനു നേരെയുള്ള നിയമന കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്‍കിയ മൊഴി. ഹരിദാസിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് ആദ്യമേ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചത്. എന്നാൽ ഹാജരാകണം എന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഹരിദാസനെ ഫോണിൽ ലഭിക്കാതായി. അന്വേഷണ സംഘം വീട്ടിൽ ചെന്നിട്ടും ഹരിദാസനെ കാണാനായില്ല.
കേസിലെ മുഖ്യപ്രതി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഇന്ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്ന് ഹരിദാസൻ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി ഹരിദാസിനെ തെളിവെടുക്കാനും സാധ്യതയുണ്ട്.
Read more
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണിൽ നിന്നാണ് വ്യാജ ഈ മെയിൽ അയച്ചിരിക്കുന്നത്. അഖിൽ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുൻ എസ്ഫ്ഐ നേതാവുമായ ലെനിൻ ആയിരുന്നു.