ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്, കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുളള ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്നാണ്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.

രാവിലെ 10.15ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക കേസായി കോടതി പരിഗണിക്കും. ഹർജികളിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട മറ്റൊരു ബെഞ്ച് ആണ് നിർദേശിച്ചിരുന്നത്.

നാലര വര്‍ഷത്തോളം സര്‍ക്കാരിന്റെ കൈവശമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂർണ രൂപം ഇതോടെ കോടതിയിലേക്കെത്തും.
റിപ്പോര്‍ട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ അനുബന്ധ രേഖകളടക്കം ഉള്‍പ്പെടുന്ന പൂര്‍ണമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് സര്‍ക്കാര്‍ ഇന്ന് മുദ്രവെച്ച കവറില്‍ ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കുന്നത്.

129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. സ്വകാര്യതയെ ബാധിക്കുന്ന റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട് എന്നതിനപ്പുറത്തേക്ക് ഇരകളുടെ മൊഴികളിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളിന്മേല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്.