തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എം സ്വരാജ്. ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിവെച്ചിരുന്നു, എല്ലാ തെളിവുകളും ഉണ്ടായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു.
ആരോപണങ്ങളിൽ നൂറു ശതമാനം ഉറച്ചുനിൽക്കുന്നു. കോടതിയെ എല്ലാം ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്, കേസ് ജയിച്ചോ തോറ്റോ എന്നതിന് അപ്പുറം ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. വിശ്വാസികളായി ജനങ്ങളുടെ ഈശ്വര സങ്കൽപ്പങ്ങളെ സ്ലിപ്പിൽ അച്ചടിച്ച് വിതരണം ചെയ്താലും കുഴപ്പമില്ല എന്ന തോന്നൽ ഈ വിധി സമൂഹത്തിൽ പകർന്ന് നൽകും. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും സ്വരാജ് പ്രതികരിച്ചു.
Read more
ഈ വിധിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും. അപ്പീൽ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും സ്വരാജ് പറഞ്ഞു. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വരാജ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. കെ ബാബുവിന് എംഎൽഎ ആയി തുടരാമെന്നാണ് ഹൈക്കോടതി വിധി.