സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം തകര്‍ച്ചയുടെ വക്കില്‍; ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത് കനത്ത വീഴ്ചയെന്ന് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷയില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത് കനത്ത വീഴ്ചയാണെന്ന് ഗവര്‍ണര്‍ ആരിഫി മുഹമ്മദ് ഖാന്‍. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് കഴിവുകേടാണെന്നും ആരെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടും. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നതാണ് എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേ സമയം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ മെയില്‍ നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പരീക്ഷാനടത്തിപ്പില്‍ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കണ്‍ട്രോളറും സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു.

മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയിലും, സൈക്കോളജി പരീക്ഷയിലുമാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും അതേപടി ആവര്‍ത്തിച്ചുവെന്നാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.