പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖല. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ലക്ഷങ്ങളാണ് മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത്. സിനിമാ സംസ്കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര് വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി.
“ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള മനുഷ്യശൃംഖലയില്‍ നിരവധി പ്രമുഖരും കണ്ണിചേര്‍ന്നിട്ടുണ്ട്. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബിയുമാണ് അണിചേര്‍ന്നിരിക്കുന്നത്. ആസാദി മുദ്രാവാക്യങ്ങളും പലയിടങ്ങളില്‍ ഉയര്‍ന്നു. എല്ലായിടങ്ങളിലും മനുഷ്യശൃംഖലയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ജനപങ്കാളിത്തം വ്യക്തമാക്കുന്നു.
വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു.
വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങള്‍ നടന്ന് വരികയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു.
Read more
തിരുവനന്തപുരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ എം വി ഗോവിന്ദന് മാസ്റ്റര്‍, ഡോ. ടി എം തോമസ് ഐസക്, സി കെ നാണു, ജമീല പ്രകാശം, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ആര് ബാലകൃഷ്ണപിള്ള, അഡ്വ. വര്‍ക്കല ബി രവികുമാര്‍, അഡ്വ. ആന്റണി രാജു, അഡ്വ. കെ പ്രകാശ് ബാബു, സി ദിവാകരന് എംഎല്‍എ, അഡ്വ. എന്‍ രാജന്, വി ശശി, ജി ആര് അനില്‍, വി സുധാകരന്, ചാരുപാറ രവി, വി സുരേന്ദ്രന്‍പിള്ള, അഡ്വ. ആര് സതീഷ്കുമാര്‍ തുടങ്ങിയവര്‍ കണ്ണികളാകും. കൊല്ലം ജില്ലയില്‍ ബിനോയ് വിശ്വം എംപി, കെ എന്‍ ബാലഗോപാല്‍, അഡ്വ. കെ രാജു, മുല്ലക്കര രത്നാകരന്, കെ ആര് ചന്ദ്രമോഹനന്, ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പട്ടം ശ്രീകുമാര്‍, പി കെ മുരളീധരന്, സി കെ ഗോപി, പെരിനാട് വിജയന്, മേടയില്‍ ബാബു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ അണിചേര്‍ന്നു.