'ഗോഡ്ഫാദറോ വരവിൽ കവിഞ്ഞു സ്വത്തോ ഇല്ല, തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ അടിമക്കണ്ണാകാനില്ല'; വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത്

വിവാദങ്ങൾക്കിടയിൽ വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. ഗോഡ്ഫാദറോ വരവിൽ കവിഞ്ഞു സ്വത്തോ ഇല്ലെന്നും തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ അടിമക്കണ്ണാകാനില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. വീഡിയോ ദൃശ്യം പങ്കു വെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്‌.

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ടത് വിധേയത്വത്തോടെ വേണമെന്നും പോസ്റ്റിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ്ങിൽ ലൈവ് സ്ട്രീമിങ് വേണമെന്ന ഉൾപ്പടെയുള്ള എൻ.പ്രശാന്തിന്റെ ആവശ്യങ്ങൾ തള്ളിയത്. ഇതിന് പിന്നാലെയാണിപ്പോൾ പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ് രംഗത്തെത്തിയിരിക്കുന്നത്.

എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ഹിയറിങ് ലൈവ് സ്ട്രീമിങ് ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ എന്‍ പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഹിയറിങിന് രഹസ്യസ്വഭാവമുള്ളതിനാല്‍ ലൈവ് സ്ട്രീമിങ് സാധ്യമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ മാസം 16നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങിനായി പ്രശാന്തിനായി നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു നടപടി. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്.