തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. മേയര്‍ക്ക് തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ സിപിഎം ഒരു അവസരം കൂടി നല്‍കാനാണ് ജില്ലാ കമ്മിറ്റിയില്‍ തീരുമാനം. ഭരണത്തിലെ വീഴ്ചകള്‍ അധികാരം നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍.
മേയറെ മാറ്റിയില്ലെങ്കില്‍ തിരുവനന്തപുരം നഗരസഭയിലെ ഭരണം നഷ്ടപ്പെടുത്തുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. അതേസമയം മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. കോര്‍പ്പറേഷന്‍ ഭരണവും ആര്യ രാജേന്ദ്രന്റെ പെരുമാറ്റവും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനത്തിന് വിധേയമായി.
ആര്യ രാജേന്ദ്രന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതിന്റെ കാരണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ വിവാദത്തിലും ആര്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ബസിലെ മെമ്മറി കാര്‍ഡ് ലഭിക്കാതിരുന്നത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു.
Read more
മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് അവമതിപ്പുണ്ടാക്കി. മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും സംഭവത്തില്‍ പക്വത കാണിച്ചില്ല. മേയറും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.