വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായെന്നും കെ സുധാകരൻ പറഞ്ഞു. വീട്ടിലെത്തി വോട്ട് സിപിഐഎം ദുരുപയോഗം ചെയ്യുന്നുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ യുഡിഎഫ് പരാതി നൽകും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കാസർഗോഡ് മണ്ഡലത്തിലാണ് സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി ഉയർന്നത്. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തിൽ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായാണ് പരാതി. കാസർഗോഡ് മണ്ഡലത്തിൽ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Read more
സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്.