ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ചാലക്കുടി വനം ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

തൃശൂര്‍ ചാലക്കുടി വനം ഡിവിഷനില്‍ ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. ചാലക്കുടി വനം ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ട് എംവി ഹോബിയ്ക്കെതിരെയാണ് നടപടി. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്.

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയര്‍ സൂപ്രണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരിയ്ക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയതായും ആരോപണമുണ്ട്. ഇതിനെതിരെ ഓഫീസിലെ ജീവനക്കാര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നു.

Read more

ഇതേ തുടര്‍ന്നാണ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സൂപ്രണ്ടിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ശുപാര്‍ശയോടെ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.