പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച കയറിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിടുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ച കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിക്കുന്നു. അകത്ത് കയറിയവര്‍ വിഡി സതീശനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കല്ലെറിഞ്ഞുവെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറയുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തടഞ്ഞ് വെച്ചത് പൊലീസാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മൂന്ന്് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കടന്നത്. ഇവരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് തടഞ്ഞു വെച്ചിരിന്നു. കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.
Read more
പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പിടിച്ചുവെച്ചയാളെ പൊലീസിന് കൈമാറുകയും ചെയ്തു. സ്റ്റാഫ് മര്‍ദ്ദിച്ചെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പറഞ്ഞു. പുറത്ത് സമരം നടത്തിയ പ്രവര്‍ത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.