പലസ്തീന്‍ പ്രശ്നത്തിന്റെ അടിസ്ഥാനം ഇസ്രായേല്‍ അധിനിവേശം; ഹമാസ് അടക്കമുള്ളവരുടേത് ചെറുത്ത് നില്‍പ്പ്; 'ഭീകര' പരാമര്‍ശത്തില്‍ തരൂരിനെ തിരുത്തി തങ്ങള്‍

മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലയില്‍ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ തിരുത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും അദേഹം പറഞ്ഞു.

പലസ്തീന്‍ പ്രശ്നത്തിന്റെ തായ്വേര് ഇസ്രായേല്‍ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനില്‍ക്കുക മാത്രമാണ് ഹമാസ് അടക്കമുള്ളവര്‍ ചെയ്യുന്നത്. അവരുടെ ഭൂമിയും സ്വത്ത് വകകളും കയ്യേറി. ചെറുത്ത് നില്‍പാണ് അവരുടെ ഓക്സിജന്‍. ശ്വസിക്കുന്ന മൃതദേഹങ്ങളാണ് ഞങ്ങളെന്ന് പലസ്തീന്‍ കവി പറയുന്നു. ഒരു രാജ്യത്തെ ജനതക്കും അത് പറയേണ്ടി വന്നിട്ടില്ല. അത്രയേറെ പ്രയാസമാണ് നിരന്തരമായി അവര്‍ അനുഭവിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പ്രധാനമന്ത്രിമാര്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. ഒരുവേള ഇന്ത്യ ഭരിച്ച വാജ്പേയി പോലും ആ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ആ നിലപാടില്‍ വെള്ളം ചേര്‍ത്ത് ഇസ്രായേലിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത്. അഹിംസയുടെ മന്ത്രം ലോകത്തിന് സമര്‍പ്പിച്ച ഈ രാജ്യത്തിന് ഒരിക്കലും പലസ്തീനെ തള്ളിപ്പറയാനാവില്ല. ജീവിക്കാനുള്ള അവകാശം പലസ്തീനികള്‍ക്കുമുണ്ട്. പലസ്തീനൊപ്പമാണ് ഞങ്ങളെന്ന ഇന്ത്യയുടെ നിലപാടാണ് നാം ഉറക്കെ പ്രഖ്യാപിക്കുന്നത്. വേട്ടക്കാര്‍ക്കൊപ്പമല്ല, വേദനിക്കുന്നവര്‍ക്കൊപ്പമാണ് ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടത്. സ്വതന്ത്ര രാഷ്ട്രം മാത്രമാണ് പലസ്തീന്‍ പ്രശ്നത്തിന്റെ പരിഹാരമെന്നും തങ്ങള്‍ ശശി തരൂരിനെ തിരുത്തികൊണ്ട് പറഞ്ഞു.

മുസ്ലീം ലീഗ് അടക്കമുള്ള എല്ലാ മുസ്ലീം സംഘടനകളും ഹമാസിനെ ചെറുത്ത് നില്‍പ്പ് പോരാളികള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ലീഗ് വേദിയില്‍ തന്നെ ഹമാസിനെ ഭീകരര്‍ എന്ന്് ശശി തരൂര്‍ ഇന്നലെ വിളിച്ചത്.

‘കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ്’ എന്നാണ് തരൂര്‍ പറഞ്ഞത്.കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീ്ന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.