മുഖ്യപ്രതി ഹരിയാനയിലെ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരൻ; ഐഎസ്ആർഒ പരീക്ഷ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത് വൻ സംഘം

ഐഎസ്ആർഒ(വിഎസ്എസ് സി) പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ സംഘമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതി ഹരിയാനിൽ കോച്ചിംഗ് സെന്റർ നടത്തുകയാണ്. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും പൊലീസ് പറയുന്നു.

കേസിന്റെ അന്വേഷണം ഹരിയാനിലേക്കും വ്യാപിപ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

മറ്റൊരാൾക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ധതി.പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടെത്താൻ ഹരിയാന പൊലീസുമായി ചേർന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോൺ സന്ദേശം എത്തിയതോടെയാണ് പൊലീസിന് കോപ്പിയടിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കോട്ടൺ ഹിൽ, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളിൽ നിന്ന് ഹൈടെക് രീതിയിൽ കോപ്പിയടിച്ചവരെ പിടികൂടുകയായിരുന്നു. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.