പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച ഗര്‍ഭിണിയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠിയെന്ന് കണ്ടെത്തി. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോക്‌സോ കേസ് പ്രകാരമാണ് അഖിലിന്റെ അറസ്റ്റ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി മറച്ചുവച്ചതായാണ് പൊലീസിന്റെ നിഗമനം. നവംബര്‍ 22ന് ആയിരുന്നു പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതായി കണ്ടെത്തിയത്. ബന്ധുക്കള്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അറസ്റ്റിലായ പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.