സ്വാതന്ത്യ്രദിനത്തിൽ ജനം ടിവി പങ്ക് വച്ച വിവാദ പോസ്റ്റ് ചർച്ചയാകുന്നു. സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം എന്ന കുറിപ്പോടെയാണ് ഗാന്ധിജിയുൾപ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികളെ ഉൾപ്പെടുത്തിയ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്ക്വച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയ കെഎസ്യു ജനം ടിവിക്കെതിരെ കലാപാഹ്വാനത്തിന് കേസ് നൽകി.
അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലാപാഹ്വാന കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടികൾ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തുകയും, ഗാന്ധി ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ സ്പർദ വളർത്താനും ശ്രമം നടത്തിയെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് കേരള ഡിജിപിക്ക് പരാതി നല്‍കിയത്.
പോസ്റ്റ് വന്നതിന് പിന്നാലെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. ജനം ടിവി പങ്ക്വച്ച ചിത്രത്തിൽ ഏറ്റവും അവസാനമായാണ് ഗാന്ധിജിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉൾപ്പെടുത്തിയ ചിത്രങ്ങളിൽ ഏറ്റവും ചെറുതാണ് ഗാന്ധിജിയുടെ ചിത്രം. ‘ഹായ് എജ്ജാതി പടം. ഒരു മൈക്രോസ്കോപ്പ് കിട്ടിയിരുന്നെങ്കിൽ ഗാന്ധിജിയെ കാണാമായിരുന്നു’, ‘ഗാന്ധിയെ കണ്ട് പിടിക്കുന്നവർക്ക് 101 രൂപ സമ്മാനം’ എന്നിങ്ങനെയുള്ള ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക്വച്ചിരിക്കുന്ന ചിത്രത്തിന് താഴെ വരുന്നുണ്ട്.
ചരിത്രത്തെ വളച്ചൊടിച്ച ജനം ടിവിയുടെ പോസ്റ്റിനെ അപലപിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. പിടിച്ച് വാങ്ങിയതല്ല മാപ്പെഴുതി വാങ്ങിയതാണ് സംഘപരിവാറിന്റെ സ്വാത്രന്ത്ര്യമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പോസ്റ്റ് ചർച്ചയായതോടെ വിവാദങ്ങളും ഉയരുകയാണ്. സഹിച്ചു നേടിയതല്ല ഷൂ നക്കി വാങ്ങിയതാണ് സ്വാതന്ത്രം എന്നാണ് ഒരു വിഭാഗം ആളുകൾ കുറ്റപ്പെടുത്തുന്നത്.
ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിച്ച് രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ പ്രധാന ചാലകശക്തിയായത് മഹാത്മാ ഗാന്ധിയുടെ നേതൃത്വപരമായ പങ്കാണെന്നിരിക്കെ ആ ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങളാണ് ജനം ടിവി പ്രചരിപ്പിക്കുന്നത്. ജനം ടിവിയുടെ ഈ നടപടിക്കെതിരെ നടപടി വേണമെന്നാണ് ശക്തമായ ആവശ്യം.