സുനിലിനെ രക്ഷിക്കാനിറങ്ങിയ ജിതേഷും കര കയറിയില്ല; തൃശൂരില്‍ മാലിന്യക്കുഴിയിലറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

തൃശൂരില്‍ മാലിന്യക്കുഴിയിലറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ചാലക്കുടി മാള കാരൂരിലെ റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്നുള്ള മാലിന്യക്കുഴിയിലിറങ്ങിയവര്‍ക്കാണ് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. ജിതേഷ്, സുനില്‍ കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മാലിന്യം കുടുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത് നീക്കം ചെയ്യാനെത്തിയവരായിരുന്നു ജീവന്‍ നഷ്ടപ്പെട്ട ഇരുവരും. മരണപ്പെട്ട സുനില്‍ കുമാര്‍ ആയിരുന്നു ആദ്യം മാലിന്യ കുഴിയില്‍ ഇറങ്ങിയത്. പിന്നാലെ സുനില്‍ കുമാറിന് ശ്വാസം ലഭിക്കാതായി. ഇതോടെയാണ് സുനില്‍കുമാറിനെ രക്ഷപ്പെടുത്താനായി ജിതേഷും മാലിന്യക്കുഴിയിലേക്കിറങ്ങിയത്.

തുടര്‍ന്ന് ഇരുവരും മാലിന്യക്കുഴിയില്‍ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. ചാലക്കുടിയില്‍ നിന്ന് ഫയര്‍ ആന്റ് റെസ്‌ക്യു സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാന്‍ഹോള്‍ മാത്രമുള്ള ടാങ്കിനുള്ളില്‍ ഓക്‌സിജന്റെ അഭാവം മൂലമാണ് മരണം സംഭവിച്ചതെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു.