വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

വൈസ് ചാൻസിലറുടെ വിയോജിപ്പ് മറികടന്ന് കേരള സര്‍വകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സര്‍വകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ജോൺ ബ്രിട്ടാസിനെ ക്ഷണിച്ചതും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചതും.

ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു.

പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ച വിസി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസ് നൽകിയെങ്കിലും വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.

ഏറ്റവും പ്രസക്തമായ വിഷയത്തെ മുൻനിർത്തിയുള്ളതാണ് പ്രഭാഷണമെന്ന് വിഷയത്തിൽ സംസാരിക്കവെ ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. വിദേശത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സ്ഥാനാർത്ഥികളെ വിളിച്ച് സംവാദങ്ങളും പ്രഭാഷങ്ങളും സംഘടിപ്പിക്കാറുണ്ട്. സർവകലാശാലകൾ അവരുടെ ദൗത്യം ഏറ്റെടുക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരോക്ഷമായി ജോൺ ബ്രിട്ടാസ് സൂചിപ്പിച്ചത്. ആൽബർട്ട് ഐൻസ്റ്റിനെ പോലുള്ളവർ ഇരിക്കേണ്ട കസേരകളില്‍ അതിന് വിരുദ്ധമായി ചിന്തിക്കുന്നവർ ഇരിക്കുമ്പോഴുണ്ടാകുന്ന ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന വിമർശനവും ബ്രിട്ടാസ് ഉന്നയിച്ചു.

അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ കഴിഞ്ഞ കുറെ കാലമായി തുറന്ന പോരിലാണ്. അതിനിടെയാണ് ഇപ്പോൾ പുതിയ വിവാദം.

Read more