'തൃക്കാക്കരയിലെ ജാള്യത മറയ്ക്കാനുമുള്ള ശ്രമം'; പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ജോണി നെല്ലൂര്‍

സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന ഡിമാന്‍ഡ് മുന്നോട്ട് വെച്ചെന്ന ആരോപണം നിഷേധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംഭാഷണത്തിലുള്ള ആളെ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ജോസ് കെ. മാണിയെ ഉള്‍പ്പടെ എനിക്ക് അടുത്ത് പരിചയമുണ്ട്. എനിക്ക് അത്തരത്തില്‍ മുന്നണി മാറണമെങ്കില്‍ മുതിര്‍ന്ന നേതാക്കളെ സമീപിക്കാതെ പേര് പോലും അറിയാത്ത ഇയാളെ ബന്ധപ്പെടേണ്ട ആവശ്യമില്ലല്ലോ. ഫോണ്‍ സംഭാഷണം തന്റേതല്ല. യുഡിഎഫിനെയും തന്നെയും കളങ്കപ്പെടുത്താനും തൃക്കാക്കരയിലെ ജാള്യത മറയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്’ അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് എച്ച ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാറും മതിയെന്നാണ് ശബ്ദരേഖയില്‍ ജോണി നെല്ലൂരിന്റെ ആവശ്യം.

ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ശബ്ദരേഖയില്‍ പറയുന്നു. പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു.

Read more

ന്യൂനപക്ഷ ചെയര്‍മാന്‍, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍, അതും അല്ലെങ്കില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍. കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇത്രയും പദവി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് സംഭാഷണത്തില്‍ പറയുന്നു. എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, ശബ്ദരേഖയില്‍ പറയുന്നു.