കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു ലോക്സഭാ അംഗമുണ്ടായിട്ടു പോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിൻറെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ല. ഇലക്ഷൻ വരാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.