'കെ സുരേന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാകണം'; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതിയുടെ കർശന നിർദേശം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുൾപ്പെടെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാവാൻ കോടതിയുടെ കർശന നിർദേശം. ഈ മാസം 21 ന് കോടതിയിൽ ഹാജരാകാനാണ് നിര്‍ദേശം. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം.

കേസിൽ ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ.

Read more

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ നാമനിർദേശ പത്രിക പിൻവലിക്കാൻ തട്ടിക്കൊണ്ടുപോയെന്നതാണ് കേസ്. കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിപ്പിക്കുകയും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.