പിവി അന്‍വര്‍ രാജിവച്ചതിന് പിന്നാലെ നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കെസി വേണുഗോപാലിനെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോഴക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
അതേസമയം മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരും സജീവ പരിഗണനയിലാണ്. വിഎസ് ജോയ് ചെറുപ്പമായതിനാല്‍ അവസരങ്ങള്‍ ഇനിയും ഏറെയുണ്ടെന്ന അഭിപ്രായമാണ് ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം നല്‍കിയത്. നേരത്തെ മത്സരിച്ച പരിചയും ആര്യാടന്‍ മുഹമ്മദിന്റെ മകനെന്ന പൊതുസമ്മതിയും ഷൗക്കത്തിന് അനുകൂല ഘടകമാണെന്ന വിലയിരുത്തലും ഉണ്ടായി.
Read more
മുനമ്പം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സഭകളുമായുള്ള ഭിന്നത തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജോയിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. വിജയസാധ്യത തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രഥമ പരിഗണനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.