ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.

റോഡിന്റെ ഇടതുവശത്ത് 20-25 വയസ്സുള്ള ഒരാൾ ഓടുന്നതും വലതുവശത്ത് സാമാന്യം തടിയുള്ള ഒരാൾ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നതും കണ്ടു. ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നെങ്കിലും കാലുകൊണ്ട് തുഴഞ്ഞാണ് നീങ്ങിയത്. അപകടത്തിൽ പെട്ടവരുടെ ആരെങ്കിലുമാവുമെന്നും വിവരമറിയിക്കാൻ പോകുകയാവുമെന്ന് വിചാരിച്ചുവെന്നും സോബി അന്ന് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്വമെന്നുമായിരുന്നു സരിത്തിന്‍റെ മൊഴി. 10 മുതൽ 15 ലക്ഷം വരെ കമ്മീഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.