'ബോംബ് വെച്ചപ്പോൾ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കി, സ്ഫോടനത്തിന്റെ വ്യാപ്തി കൂട്ടാൻ പെട്രോളും കൂടിവെച്ചു'; ഡൊമനിക് മാർട്ടിന്റെ മൊഴി പുറത്ത്

കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്നു. യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് പ്രതി ഡൊമനിക് മാർട്ടിൻ മൊഴി നൽകി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തിയത്. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് ബോംബിനൊപ്പം പെട്രോളും വെച്ചതെന്നും പ്രതി മൊഴി നൽകി.

4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി.
എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരാഗ്യമന്ത്രി വീണ ജോർജ്.
ഇതിൽ 2 പേർ വെന്റിലേറ്ററിലാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്നും മന്ത്രി അറിയിച്ചു.

സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎൻഎ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോർട്ടം ഒരേസമയമം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോ​ഗ്യനില ​ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോ​ഗം നടക്കുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് തിരിക്കും. ചികിത്സയിൽ കഴിയുന്നവരെ അടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം.