വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍്. കേന്ദ്രത്തിന്റേത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കമാണെന്നാണ് അദേഹം പറഞ്ഞു. വഖ്ഫ് എന്ന ഇസ്ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമം.
വഖ്ഫ് ബോര്‍ഡിന്റെ അന്തസ്സത്ത തകര്‍ക്കുന്നതടക്കമുള്ള നാല്‍പ്പതിലധികം ഭേദഗതികള്‍ പാര്‍ലിമെന്റില്‍ വിതരണം ചെയ്ത ബില്ലിന്റെ പകര്‍പ്പിലുണ്ട്. വഖ്ഫ് കൗണ്‍സിലിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് വിശദീകരിക്കണം. വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പ് വരുത്തുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമായി നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ നിയന്ത്രണമല്ല, അമിതാധികാരമാണ് ഉന്നമിടുന്നതെന്ന് സംശയക്കണം. സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പിനുമുള്ള പൂര്‍ണാധികാരവും വഖ്ഫ് ബോര്‍ഡുകള്‍ക്ക് നല്കുന്ന വഖ്ഫ് നിയമത്തിലാണ് കാര്യമായി ഭേദഗതി കൊണ്ടു വരുന്നത്.
റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ സ്വത്തുക്കള്‍ വഖ്ഫിലേക്ക് മാറ്റാനാകൂ എന്ന നിര്‍ദേശവും സംശയാസ്പദമാണ്. വഖ്ഫ് ചെയ്യുന്ന വേളയില്‍ അനാവശ്യ തടസ്സങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. മുസ്ലിംകളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വഖ്ഫ് ബോര്‍ഡില്‍ മുസ്ലിം ഇതരരായ രണ്ടുപേര്‍ വേണമെന്ന് ശഠിക്കുന്നതിന്റെ സാധുതയും വ്യക്തമല്ല. ബില്‍ പാസാകുന്നതോടെ വഖ്ഫ് സ്വത്തുക്കള്‍ വളരെ എളുപ്പത്തില്‍ കയേറ്റക്കാര്‍ക്ക് സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ വലിയ നിലയില്‍ കൈയേറ്റം നടക്കുന്ന വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ഇത് പേടിപ്പെടുത്തുന്നതാണ്.
Read more
തര്‍ക്കഭൂമികള്‍ എന്ന പേരിലുള്ള വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന് പുതുതായി പരിശോധന നടത്താനുള്ള അവകാശം ഭേദഗതി ബില്‍ നല്‍കുന്നുണ്ട്. ഇതോടെ ‘തര്‍ക്ക സ്വത്തുക്കളി’ല്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. രാജ്യത്തിന്റെ പല ഭാഗത്തും മുസ്ലിം ആരാധനാലയങ്ങളും വഖ്ഫ് സ്വത്തുക്കളും ‘തര്‍ക്കഭൂമി’കളാക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ ഈ നീക്കം ദുരൂഹമാണ്. മുസ്ലിം പണ്ഡിത നേതൃത്വവുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ മാനിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.