വീണ്ടും ഭക്ഷ്യവിഷബാധ മരണം; കുഴിമന്തി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു; റെമന്‍സിയ ഹോട്ടലില്‍ പരിശോധന; ഭക്ഷണം കഴിച്ചവര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പള ബേനൂര്‍ അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ നായരുടെയും അമ്പികയുടേയും മകള്‍ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

രണ്ടുദിവസമായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് നില വഷളായതിനിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് കുട്ടി മരിച്ചത്. റെമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചാണ് കുട്ടിക്ക് അസ്വസ്ഥതകള്‍ ഉണ്ടായത്. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജുശ്രീ പാര്‍വതി.

മരണവിവരം പുറത്തു വന്നതിന് പിന്നാലെ റെമന്‍സിയ ഹോട്ടലില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ നിരീക്ഷണത്തിലാണ്. അഞ്ജുശ്രീ പാര്‍വതിക്കൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. ഇവരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന വ്യാപകമായി ഇന്നലെ 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.