ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് കളക്ടർ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് കളക്ടർ വി. വിഗ്നേഷ്വരി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു സോഫിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ധനസഹായത്തിന് പുറമേ സോഫിയയുടെ മക്കൾക്ക് ജോലി നൽകുമെന്നും കളക്ടർ ഉറപ്പ് നൽകി.

സോഫിയയുടെ മരണത്തിലുള്ള പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റാൻ സാധിച്ചത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വനമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

പല തവണ മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭർത്താവ് ആരോപിച്ചു. വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം ആയിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാന ആക്രമണത്തിൽ സംസഥാനത്ത് ഈ വർഷം ഏഴാമത്തെയാളാണ് കൊല്ലപ്പെടുന്നത്.