2000 കോടിയല്ല, കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയിലെ 4,060 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 2000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ തുക കൊണ്ട് ഇനിയുള്ള സാമ്പത്തിക വര്‍ഷം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് ആശങ്കപ്പെട്ടിരിക്കെയാണ് 4000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. വൈദ്യുതി വിതരണ രംഗത്തു കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്തു കഴിഞ്ഞ ഒക്ടോബറില്‍ത്തന്നെ തുക നല്‍കാന്‍ കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഈ തുക ലഭിച്ചിട്ടില്ലെന്ന് കാട്ടി നവംബറില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കത്തു നല്‍കിയിരുന്നു.

Read more

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.45% തുകയാണ് വൈദ്യുതി രംഗത്തെ മെച്ചപ്പെട്ട പ്രകടനത്തിന് കേന്ദ്രം അനുവദിക്കുന്നത്. കേരളം ഈ നേട്ടം കൈവരിച്ചതായി കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചതിനെതുടര്‍ന്ന് ധനമന്ത്രാലയം അധിക തുക കടമെടുക്കാന്‍ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.കടമെടുപ്പ് പരിധിയില്‍നിന്ന് 12,500 കോടി വെട്ടിക്കുറച്ച ശേഷം 4,000 കോടി അനുവദിച്ചത് പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.