മാട്ടുപ്പെട്ടിയില്‍ സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ വനംവകുപ്പ്. സീപ്ലെയ്ന്‍ ഇറങ്ങുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ്. വനമേഖലയായ മാട്ടുപ്പെട്ടിയില്‍ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്.
സീപ്ലെയ്നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താല്‍ വിമാനം ഇനിയും മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇടുക്കി ജലാശയത്തില്‍ ഇറക്കാനിരുന്ന സീപ്ലെയ്ന്‍ വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണു മാട്ടുപ്പെട്ടിയിലേക്കു മാറ്റിയത്. അതേസമയം, സീപ്ലെയിന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര പ്രദേശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ശൃംഖലയ്ക്ക് തുടക്കമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Read more
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്‍പ്പെടുന്ന പദ്ധതിയാണിത്. നമ്മുടെ നാലു വിമാനത്താവളങ്ങളെ പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാട്ടര്‍ ഡ്രോമുകളുമായി ബന്ധിപ്പിക്കുന്നതോടെ ഈ ശൃംഖല വലിയ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് വഴി തുറക്കും. ഇത്തരം അത്യാധുനിക സഞ്ചാര മാര്‍ഗങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇതുവഴി കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന ഏടായി സീപ്ലെയിന്‍ സര്‍വീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.