ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമോയെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി

സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോള്‍ കേരളവും സ്വീകരിച്ചത്. 2021-ലാണ് അടുത്ത സെന്‍സസ് നടക്കേണ്ടത്. ഇതിലേക്കുള്ള നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.