വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ആര്‍ക്കും അവകാശമില്ല; ഭാരത ലൈവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി

വാര്‍ത്തകള്‍ നല്‍കും മുമ്പ് സത്യമെന്തെന്ന് അന്വേഷിക്കാന്‍ ചാനലുകള്‍ക്ക് കടമയുണ്ടെന്ന് ഹൈക്കോടതി. കാരണമില്ലാതെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.

ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ പരാതിനല്‍കിയ യുവതിക്കെതിരെ മോശം വാര്‍ത്ത നല്‍കിയെന്ന കേസില്‍ ഭാരത് ലൈവ് ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകരായ സുദര്‍ശ് നമ്പൂതിരി, സുമേഷ് മാര്‍ക്കോപോളോ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ നല്‍കും മുമ്പ് സത്യമെന്തെന്ന് അന്വേഷിക്കാന്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടമയുണ്ട്. ജനാധിപത്യത്തിന്റെ ശക്തമായ നാലാംതൂണായ മാധ്യമങ്ങളിലുള്ള വിശ്വാസം തകര്‍ക്കണോയെന്ന് ഇത്തരം ചാനലുകള്‍ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു.

ഒരു വനിതാനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചതായും ഇതിന് സമ്മതിക്കാത്തതിന് മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Read more

തുടര്‍ന്ന് ഭാരത് ലൈവ് ഓണ്‍ലൈന്‍ ചാനല്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.