വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാം; നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് വിധേയമായി സണ്‍ ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും നടപടിക്കു വിധേയരായ വാഹന ഉടമയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. നിയമപരമായി സണ്‍ ഫിലിം ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വിധിയില്‍ വ്യക്തമാക്കി.

2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിംഗ്’ കൂടി ഉപയോഗിക്കാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായത്. മുന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ സണ്‍ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി അറിയിച്ചു.

ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിംഗ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിംഗ് നിലനിര്‍ത്താന്‍ വാഹന ഉടമക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ളതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.